അരയനെ കാത്തിരിക്കുന്ന പൊന്നരയത്തിയല്ല, ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്!

കടലിൽ പോയി അതിസാഹസികമായി മീൻ പിടിക്കുന്ന മുക്കുവനും അവനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന പൊന്നരയത്തിയും. അവളുടെ പ്രാർത്ഥനയിലും പവിത്രതയിലുമാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവന്റെ ജീവൻ. ദൂരെ പ്രിയപ്പെട്ടവന്റെ യാനം തിരികെയെത്തുന്നതും നോക്കി അവൾ കടലിലേക്ക് കണ്ണുനട്ടിരിക്കും. എന്നാൽ പ്രിയതമനൊപ്പം ആഴക്കടലിൽ പോകാനുള്ള സ്വാതന്ത്ര്യമൊന്നും അവൾക്കില്ല. കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെയില്ലേ? ശരിയാണ്, ഇതൊരു കഥയാണെങ്കിലും പറഞ്ഞതിൽ കുറെയൊക്കെ സത്യങ്ങളുണ്ട്.

കാലങ്ങളായി മത്സ്യബന്ധനത്തിനു പോകാൻ സ്ത്രീകൾക്ക് അനുവാദമില്ല. വിശ്വാസത്തിന്റെ ഭാഗമായി വന്ന വിലക്കാണിത്. എന്നാൽ ഇന്ന് ഈ ആചാരം മാറുകയാണ്. ഇന്ത്യയിൽ ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന ആദ്യ വനിതയായിരിക്കുകയാണ് തൃശൂർ ചാവക്കാടുകാരിയായ കെ. സി. രേഖ. നാലു കുട്ടികളുടെ അമ്മയാണ് ഈ നാല്പത്തിയഞ്ചുകാരി. കടലിൽ പോകാൻ ഭർത്താവ് കാർത്തികേയനും കൂട്ടിനുണ്ട്. നൈലോൺ ഫിഷിങ് നെറ്റുകളുമായി അവരുടെ സ്വന്തം പഴയ കുഞ്ഞു ബോട്ടിലാണ് മീൻ പിടിക്കാൻ പോകുന്നത്.

ഒരു ജിപിഎസ് ഡിവൈസ് പോലുമില്ലാതെ 20-30 നോട്ടിക്കൽ മൈലുകളാണ് ഇവർ മത്സ്യബന്ധനത്തിനായി താണ്ടുന്നത്. കടലമ്മയിലുള്ള വിശ്വാസമാണ് ഇവർക്ക് ആകെയുള്ള ധൈര്യം. ’കടലമ്മ കൈവിടില്ല, ഞങ്ങളെ കാക്കും. പിന്നെ പരമ്പരാഗതമായി കിട്ടിയ അറിവുകൾ മാത്രമാണ് മത്സ്യബന്ധനത്തെ കുറിച്ച്. അത് കൃത്യമായി പാലിക്കാറുണ്ട്. ’- രേഖ പറയുന്നു. പത്തു വർഷമായി ഈ തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ് കാർത്തികേയനും കുടുംബവും. ഭർത്താവിന്റെ രണ്ടു സഹായികളും വിട്ടുപോയതോടെയാണ് രേഖ അദേഹത്തെ സഹായിക്കാനായി കടൽ സാഹസത്തിനു ഇറങ്ങിപ്പുറപ്പെട്ടത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മത്സ്യബന്ധനത്തിനുള്ള ലൈസൻസും രേഖ സ്വന്തമാക്കി. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയുടെ വേഷത്തിലും രേഖ എത്താറുണ്ട്. ആഴക്കടലിൽ പോകുന്നതും മീൻ പിടിത്തവുമെല്ലാം ഇഷ്ടത്തോടെയാണ് ചെയ്യുന്നതെന്ന് രേഖ പുഞ്ചിരിയോടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *